Sunday, April 26, 2015

ചട്ടമ്പിസ്വാമികളുടെ മോക്ഷപ്രദീപഖണ്ഡനം

ഒരു കാലഘട്ടത്തിന്റെ ദാര്‍ശനിക വിമര്‍ശരേഖ
സുരേഷ് മാധവ്

വിഗ്രഹാരാധന കൊടുംപാപമാണു് എന്നു് ക്രിസ്ത്യന്‍പാതിരിമാര്‍ സുവിശേഷമറിയിച്ചുകൊണ്ടു നടന്ന കാലത്താണു് നാരായണഗുരു അരുവിപ്പുറത്തു് ശിവപ്രതിഷ്ഠ (1888) നടത്തിയതു്. തുടര്‍ന്നു് അദ്ദേഹം നിരവധി വിഗ്രഹപ്രതിഷ്ഠകള്‍ നടത്തി. ആധുനികതയെ പിന്നോട്ടടിക്കുന്ന വിഗ്രഹാരാധനയെ രൂക്ഷമായി എതിര്‍ത്തുകൊണ്ടും ഗുരുകര്‍മ്മത്തെ അപഹസിച്ചുകൊണ്ടും ബ്രഹ്മാനന്ദശിവയോഗി രംഗത്തുവന്നു. അദ്ദേഹം 1905ല്‍ 'മോക്ഷപ്രദീപ'മെഴുതി അദൈ്വതികളുടെ കര്‍മ്മപരിപാടികളെ എതിര്‍ത്തു. കോഴിക്കോട്ടുനിന്നും ചിലര്‍ മോക്ഷപ്രദീപവിമര്‍ശങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചപ്പോള്‍ മോക്ഷപ്രദീപത്തെ അനുകൂലിച്ചുകൊണ്ടു് ശിവയോഗിയുടെ ശിഷ്യനായ വാഗ്ഭടാനന്ദന്‍ 'മോക്ഷപ്രദീപ നിരൂപണ വിധാരണ'(1914) മെഴുതി. നാരായണഗുരുവിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ വിശ്വാസികളായ ചിലര്‍ ചട്ടമ്പിസ്വാമിയെ സമീപിച്ചു് 'മോക്ഷപ്രദീപ'ത്തിനു മറുപടിയെഴുതണമെന്നു വീണ്ടും വീണ്ടും ആവശ്യപ്പെടുകയുണ്ടായി. ഇതിന്‍ പ്രകാരമാണു് 1915ല്‍ 'മോക്ഷപ്രദീപ ഖണ്ഡനം' എഴുതിത്തീര്‍ത്തതു്. ശിവയോഗിയുടെ ശിഷ്യന്മാര്‍ അഭ്യര്‍ത്ഥിച്ചതനുസരിച്ചു് ഗ്രന്ഥം അച്ചടിച്ചില്ല. വിഗ്രഹാരാധനയെ അനുകൂലിച്ചുകൊണ്ടു് സദാനന്ദസ്വാമികള്‍ എഴുതിയ 'വിഗ്രഹാരാധന' (1916) എന്ന കൃതിയും അക്കാലത്തു് ചര്‍ച്ചാവിഷയമായി.


____________________________________________________________________________________________________________________________________
വിഗ്രഹാരാധനയ്ക്കും സാമ്പ്രദായിക സന്യാസ മാര്‍ഗ്ഗത്തിനുമെതിരെയുള്ള ആശയങ്ങളെ യുക്തിപൂര്‍വം നിരസിച്ച, സാംസ്കാരികാധിനിവേശത്തി നെതിരെയുള്ള സാമൂഹിക വിപ്‌ളവത്തിനു് ആശയപരമായി ശക്തി പകര്‍ന്ന, ചരിത്രത്തിലെ വഴിത്തിരിവുകള്‍ക്കു പിന്നില്‍ രഹസ്യമായി പ്രവര്‍ത്തിച്ച അധികാരശക്തികളെ ചോദ്യം ചെയ്ത കേരളത്തിലെ നവോത്ഥാന കാലത്തെ ആശയ സംഘര്‍ഷങ്ങള്‍ പ്രതിഫലിക്കുന്ന സംവാദകൃതിയുടെ ലഭ്യമായ ഭാഗങ്ങള്‍ അതു് രചിച്ചു് നൂറുവര്‍ഷങ്ങള്‍ക്കു ശേഷമാണു് ആദ്യമായി ഗ്രന്ഥരൂപത്തില്‍ പ്രസിദ്ഈകൃതമാവുന്നതു്. ഗവേഷകനും ധനുവച്ചപുരം എന്‍ എസ എസ കോളേജ് അദ്ധ്യാപകനുമായ സുരേഷ് മാധവ് കണ്ടത്തിയ മോക്ഷപ്രദീപഖണ്ഡനം പ്രശസ്ത കവിയും ഭാഷാപണ്ഡിതനുമായ ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. എം. ആര്‍. തമ്പാനു് ആദ്യപ്രതി നല്‍കിക്കൊണ്ടു് ഭാരതീയ വിചാര കേന്ദ്രത്തില്‍ ചട്ടമ്പിസ്വാമി സമാധി ദിനമായ 2015 ഏപ്രില്‍ 20നു് പ്രകാശനം നിര്‍വഹിച്ചു. പ്രമുഖ നിരൂപകന്‍ ഡോ. എ.എം. ഉണ്ണിക്യഷ്ണന്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ ഇന്നത്തെ സാമൂഹിക രാഷ്ട്രീയ സ്വാഹചര്യങ്ങളില്‍ സ്വമിയുടെ പ്രസക്തി ചൂണ്ടിക്കാട്ടി. 
______________________________________________________________________________________________________________________________________

ശിവയോഗിയുടെ ആശയങ്ങളെ അനുകൂലിച്ചു് 'മോക്ഷപ്രദീപ നിരൂപണവിധാരണ'മെഴുതിയ വാഗ്ഭടാനന്ദന്‍ പിന്നീടു് നിലപാടു് മാറ്റുകയും ശിവയോഗി വാദങ്ങളെ ഖണ്ഡിച്ചുകൊണ്ടു് 'അദ്ധ്യാത്മയുദ്ധം' അഥവാ ആനന്ദാദര്‍ശ പ്രധ്വംസനം (1928) എന്ന പുസ്തകമെഴുതുകയും ചെയ്തു. നാരായണഗുരുവിന്റെ നിലപാടു് സൃഷ്ടിച്ച ആശയസംഘര്‍ഷങ്ങളാണു്, വിഭിന്നങ്ങളായ ബൗദ്ധികവിപ്ലവങ്ങള്‍ക്കു് തുടക്കമിട്ടതു് എന്നതു് കൗതുകകരമാണു്. മതപരിവര്‍ത്തനശ്രമങ്ങള്‍ സനാതനധര്‍മ്മത്തിന്റെ അടിത്തറ ഇളക്കുമെന്നു് തോന്നിയപ്പോഴാകാം ഗുരു ഇടപെട്ടതു്. നെയ്യാറ്റിന്‍കരയ്ക്കടുത്തുള്ള അരുവിപ്പുറത്തു് 1888ല്‍ നാരായണഗുരു ശിവപ്രതിഷ്ഠ നടത്തി. 1888ല്‍ ശിവസങ്കല്പം സ്വീകരിച്ചുകൊണ്ടു് വിഗ്രഹം പ്രതിഷ്ഠിച്ച ഗുരു 1903ല്‍ 'ശ്രീനാരായണധര്‍മ പരിപാലനയോഗം' സ്ഥാപിച്ചുകൊണ്ടു് വൈഷ്ണവസങ്കല്പം യാഥാര്‍ഥ്യമാക്കി. 1913ല്‍ നടത്തിയ ശിവഗിരിയിലെ 'ശാരദാപ്രതിഷ്ഠ'യിലൂടെ ശക്തിസങ്കല്പവും ഗുരു സാക്ഷാത്കരിച്ചു. കാല്‍നൂറ്റാണ്ടുകൊണ്ടു് (1888-1913) ശൈവവൈഷ്ണവശാക്തേയ സങ്കല്പങ്ങളില്‍ സനാതനധര്‍മത്തിന്റെ അടിത്തറ ദൃഢമായി ഉറപ്പിച്ചു നിര്‍ത്തിയ നാരായണഗുരുവിന്റെ വ്യാവഹാരിക നിലപാടുകള്‍ കാലാനുസൃതമായിരുന്നു. ഗുരുവിന്റെ നിലപാടിലെ ശരികള്‍ കൃത്യമായി മനസ്സിലാക്കിയതുകൊണ്ടാണു് വിഗ്രഹപ്രതിഷ്ഠയോടു് യോജിപ്പില്ലാതിരുന്നിട്ടും ചട്ടമ്പിസ്വാമികള്‍, ഗുരുവിനു് ബൗദ്ധികപിന്തുണ നല്‍കിക്കൊണ്ടു് 'മോക്ഷപ്രദീപഖണ്ഡനം' എഴുതിയതു്.

വിഗ്രഹാരാധനയെയും വിഗ്രഹപ്രതിഷ്ഠാകര്‍മത്തെയും അതിരൂക്ഷമായി വിമര്‍ശിക്കുവാന്‍ വേണ്ടിയാണു് ബ്രഹ്മാനന്ദശിവയോഗി മോക്ഷപ്രദീപം തയ്യാറാക്കിയതെന്നു വ്യക്തമാണു്. 'മോക്ഷ പ്രദീപം' ചിന്താശാലികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിത്തീര്‍ന്നതോടെ വിമര്‍ശനകൃതികളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
കാലത്തിനു് അനുഗുണമല്ലാതെ കടന്നു വരുന്ന ഒരാശയത്തെ വിഛേദിച്ചു കൊണ്ടു് കാലാതീതമായ ഉള്‍ക്കാഴ്ച അവതരിപ്പിക്കുന്ന സത്യവിചാരത്തെ പ്രതിഷ്ഠിക്കാനാണു് 'മോക്ഷപ്രദീപഖണ്ഡന'ത്തില്‍ ചട്ടമ്പിസ്വാമി ശ്രമിക്കുന്നതു്. അതിനു് ശിവയോഗിയുടെ കൃതി ഒരു നിമിത്തമാകുന്നുവെന്നേയുള്ളു. സവിശേഷമായ ചരിത്രസാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വരുന്ന അവബോധികള്‍, ചുറ്റുമുള്ള സാഹചര്യങ്ങളെ വിശകലനം ചെയ്തുകൊണ്ടാണു് സാമൂഹികപരിഷ്കരണത്തിനുള്ള ആശയങ്ങള്‍ രൂപീകരിക്കുന്നതു്. അറിവിനു് ആധാരമെന്നു് കരുതപ്പെടുന്ന വേദത്തെത്തന്നെ വിമര്‍ശിച്ചുകൊണ്ടാണു് ചട്ടമ്പിസ്വാമി തന്റെ നവോത്ഥാനസങ്കല്പം അവതരിപ്പിച്ചതു്. ദുഷിച്ച സംസ്കാരത്തെ ഇളക്കാന്‍ ആദ്യം അടിത്തറ തന്നെ ഇളക്കിപ്പരിശോധിക്കണം എന്നു സൂക്ഷ്മബുദ്ധികള്‍ക്കറിയാം. ആശയങ്ങളുടെ ആഴമളക്കുന്ന ഈ ബൗദ്ധികവിപ്ലവം എല്ലാവര്‍ക്കും ദഹിക്കുന്ന ഒന്നല്ല. ലോകത്തു് ആളുകള്‍ കൂടുതലുണ്ടെങ്കിലും, മനുഷ്യര്‍ കുറവാണു് എന്നതാണു് അതിനുള്ള കാരണം.

അദൈ്വതദര്‍ശനത്തിനെതിരെ വരുന്ന ഏതു മതചിന്തകള്‍ക്കും 'മോക്ഷപ്രദീപഖണ്ഡനം' ഉത്തരം നല്‍കും. വലിയ ആശയങ്ങളുമായി വന്ന മതാദര്‍ശങ്ങളെ ഖണ്ഡിച്ചു് അദൈ്വതദര്‍ശനത്തെ ഉറപ്പിച്ച ഒരു പാരമ്പര്യത്തിന്റെ അടിത്തറയിലാണു് 'മോക്ഷപ്രദീപഖണ്ഡന'വും നടക്കുന്നതു്. അവിടെ ശബ്ദഭേദങ്ങളും അര്‍ഥഭേദങ്ങളും വിചാരണയ്ക്കു് വിധേയമാകുന്നു. വേരുറപ്പില്ലാത്തതിനെ കീറിമുറിക്കുന്ന യുക്തിസാമര്‍ഥ്യമാണു് അവിടെ നിര്‍ണായകം. തന്റെ യുക്തിയെ സ്ഥാപിക്കുവാന്‍വേണ്ടി വക്താവു് അനുകൂലയുക്തികള്‍ പ്രമാണങ്ങളായി നിരത്തുന്നു. ബുദ്ധിവ്യാപാരത്തിന്റെ സൂക്ഷ്മരേഖയാണു് പ്രമാണം. ശൈഥില്യം വരാത്ത ബുദ്ധിയില്‍, യുക്തി ഏകാഗ്രമായി പ്രവര്‍ത്തിക്കുന്നു. ഒരുദാഹരണമിതാ: 'മോക്ഷം ആര്‍ക്കാണു് ?' എന്നു് ശിവയോഗിയുടെ ചോദ്യം. ചട്ടമ്പിയുടെ മറുപടി ഇങ്ങനെ: 'ആര്‍ക്കു് എന്നതില്‍ ഞാന്‍ എന്നു് ഒന്നു പകുത്തു് വേറെ വച്ചിട്ടു് അതിനു അന്യം എന്ന വിഭാഗ കല്പന സ്ഫുടിക്കുന്നു. അതായതു് നാനാത്വസങ്കല്പം വ്യക്തമാകുന്നു. ഈ നാനാത്വപ്രതീതിക്കു് അഥവാ 'താന്‍' എന്നു ഇടുക്കമായി പകുത്തുവച്ച ആ വെപ്പിനാണു് മുക്തി.' ഞാന്‍ എന്നും നീ എന്നും ഉള്ള അന്യതാ സങ്കല്പത്തിനാണു് മുക്തി ഉണ്ടാകുന്നതെന്നു് ചട്ടമ്പിസ്വാമികള്‍ വ്യക്തമാക്കുന്നതിന്റെ യുക്തി ശ്രദ്ധിക്കുക. രണ്ടാണു് എന്നു് തോന്നുമെങ്കിലും ഒന്നാണു് എന്നു് ബോധിക്കലാണു് പരമാവസ്ഥ. അതു തന്നെയാണു് മോക്ഷാവസ്ഥ. ഈ അറിവില്‍ യോഗം അടകൂന്നു. രണ്ടിന്റെ ചേര്‍ച്ചയാണു് യോഗം. ബോധോദയത്തില്‍ അഥവാ ജ്ഞാനത്തില്‍ യോഗം, സ്വാഭാവികമായി സംഭവിക്കുന്നു. അതുകൊണ്ടു് അദൈ്വതജ്ഞാനം തന്നെയാണു് യോഗത്തിനു് കാരണമായിത്തീരുന്നതു് എന്ന കാഴ്ചപ്പാടാണു് 'മോക്ഷപ്രദീപഖണ്ഡനം' അവതരിപ്പിക്കുന്നതു്.

തെറ്റിദ്ധരിപ്പിക്കുന്ന മതബോധനങ്ങളെ എങ്ങനെ തിരിച്ചറിയാമെന്നും ശരി എങ്ങനെ കണ്ടെത്താമെന്നും ഈ കൃതി പഠിപ്പിക്കുന്നു. മനുഷ്യബുദ്ധിയുടെ വ്യാപ്തി തെളിയിക്കുന്ന മട്ടിലാണു് ഇതിന്റെ നിര്‍മ്മിതി. സമഗ്രവികാസം സിദ്ധിച്ച ഒരു പഠനപദ്ധതി അതു് പ്രതിനിധീകരിക്കുന്ന സംസ്കാരത്തിന്റെ ഔന്നത്യത്തെയാണു് കാണിക്കുന്നതു്. ചടുലമായ മനുഷ്യബുദ്ധിയുടെ ഉള്‍പ്പഴക്കം അതു് വ്യക്തമാക്കിതരുന്നു. മനുഷ്യനും പ്രകൃതിയും രമിക്കുന്ന തപോവനങ്ങളില്‍ വെച്ചാണു് ആത്മവിദ്യയുടെ കൈമാറ്റം നടന്നിരുന്നതു്. മനുഷ്യനും പ്രകൃതിയ്ക്കും സംഘര്‍ഷം നല്കുന്ന നാഗരികതയുടെ കടന്നുവരവിന്റെ വലിയ സൂചനയാണു് യുദ്ധരംഗത്തെ ഗീതോപദേശം. ആധുനികമനുഷ്യന്റെ സംഘര്‍ഷജീവിതത്തിനു് ഉത്തരം നല്കുന്ന തരത്തിലേയ്ക്കു് ആത്മവിദ്യാദാനത്തിന്റെ പശ്ചാത്തലം മാറുന്നതിനും ഭഗവത്ഗീത തന്നെ തെളിവു്. എത്രയോകാലം മുമ്പുതന്നെ ഇന്ത്യന്‍ചിന്ത ആധുനികമായിത്തീര്‍ന്നു എന്നതിനു് ദൃഷ്ടാന്തമാണിതു്. സംവാദത്തില്‍ പുലര്‍ത്തുന്ന യുക്തിയുടെ തെളിമ, എപ്പോഴും നിലനില്‍ക്കാന്‍ ശേഷിയുള്ള അറിവില്‍ നിരന്തരപരിചയം സമ്പാദിച്ച ഒരു ജീവനസംസ്കാരത്തെക്കുറിക്കുന്നു. 'മോക്ഷപ്രദീപഖണ്ഡനം' പുതിയ കാലത്തിലിരുന്നു് വായിക്കുമ്പോള്‍ ഇതൊക്കെയും ശ്രദ്ധിക്കണം. ദൃഷ്ടിയാണു് മനുഷ്യന്‍, സൃഷ്ടിയല്ല.

http://www.newindianexpress.com/cities/thiruvananthapuram/Finding-a-Sage-and-Social-Reformer/2015/04/21/article2774277.ece

No comments:

Post a Comment