Thursday, December 10, 2015

നെപ്പോളിയന്‍ - ഈ. ശ്രീധരന്‍ (ജീവചരിത്ര ഗ്രന്ഥം)


ഈ. ശ്രീധരന്‍ 

നെപ്പോളിയന്‍

(ജീവചരിത്ര ഗ്രന്ഥം)



പ്രൊ. ഈ. ശ്രീധരന്റെ മലയാളത്തിലെ നെപ്പോളിയന്‍ (ജീവചരിത്ര ഗ്രന്ഥം) കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടു് പ്രസിദ്ധീകരിച്ച. 2015 ഡിസംബര്‍ 9നു് പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ ബഹുമാനപ്പെട്ട ആഭ്യന്തരവകുപ്പു് മന്ത്രി ശ്രീ രമേശ് ചെന്നത്തല പുസ്തകപ്രകാശനം നിര്‍വഹിച്ചു.

ശ്രീ. ഇ കെ. ഭാരത്ഭൂഷണ്‍ (മുന്‍ കേരളചീഫ് സെക്രട്ടറി) പ്രൊ. ഈ. ശ്രീധരന്റെ നെപ്പോളിന്‍ എന്ന ഗ്രന്ഥത്തിനു അവതാരിയായി ണംഎഴുതിയിരിക്കുന്ന രചനാത്മക നിരൂപണത്തിന്റെ പ്രസക്തഭാഗങ്ങള്‍ പ്രസ്തുത ഗ്രന്ഥത്തെ പരിചയപ്പെടുത്താനായി ഇവിടെ ഉദ്ധറിക്കുന്നു.

ലോകചരിത്രത്തില്‍ ഏറ്റവുമധികം വര്‍ണ്ണിക്കപ്പെടുകയും ഘോഷിക്കപ്പെടുകയും ചെയ്തിട്ടുള്ള അപ്രതിമപ്രഭാവനായ സൈന്യതന്ത്രജ്ഞനും ഭരണകര്‍ത്തവുമാണു് നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്. അടങ്ങാത്ത ഉല്‍ക്കര്‍ഷേച്ഛയുമായി ഫ്രാന്‍സിന്റെ ചക്രവര്‍ത്തിപദം വരെ പൊരുതിക്കയറിയ, യുറോപ്പിനെ മുഴുവന്‍ സ്വന്തം വരുതിയിലാക്കിയ ആ ധീരയോദ്ധാവിന്റെ ജീവിതമന്ത്രം തന്നെ 'അസാധ്യമായ ഒന്നുമില്ല' എന്നായിരുന്നു. വിസ്മയകരമോ ഐതിഹാസികമോ അല്ലാത്ത ഒന്നും തന്നെ ചൂണ്ടിക്കാണിക്കാനില്ലാത്ത ഒരു ജീവിതമായിരുന്നു നെപ്പോളിയന്റേതു്. ഐതിഹ്യങ്ങളിലും പുരാവൃത്തങ്ങളിലും കാണുന്ന സാങ്കല്‍പ്പികവീരചരിത്രങ്ങളെ വെല്ലുന്ന യഥാര്‍ത്ഥസംഭവങ്ങള്‍. അദ്ദേഹത്തിന്റെ ജീവിതത്തെപ്പോലെ മനുഷ്യശക്തിയുടെ ഇത്ര വലിയ ഒരു വിസേ്പാടനമുണ്ടായിട്ടില്ല. അദ്ദേഹത്തെപ്പോലെ വിവാദവിധേയനായ ഒരു ഭരണാധികാരിയും ചരിത്രത്തിലില്ല. അദ്ദേഹത്തിന്റെ ജീവിതത്തെപ്പോലെ ഇത്രയധികം എഴുതപ്പെട്ട ഒരു വിഷയവും ഉണ്ടായിട്ടില്ല. മനുഷ്യശരീരത്തെ ത്വരിപ്പിച്ചതില്‍ വച്ചേറ്റവും വലിയ ശ്വാസം എന്നാണു് നെപ്പോളിയന്റെ കര്‍ക്കശ വിമര്‍ശകനായ ഫത്തോബ്രിയ പറഞ്ഞതു്. 'ഒരായിരം കൊല്ലങ്ങളിലുണ്ടായതില്‍ വച്ചേറ്റവും അനിതരസാധാരണമായതാണു് നെപ്പോളിയന്റെ ജീവിതം' എന്നാണു് തായിറോം അഭിപ്രായപ്പെട്ടതു്.' ഏതു് വിജയത്തിലും പ്രകൃതിക്കാണു് ഏറ്റവും പ്രധാനപക്കൃ്. നെപ്പോളിയന്റെ കാര്യത്തിലും അങ്ങനെത്തന്നെ. അങ്ങിനെയൊരാള്‍ ആവശ്യമായിവന്നു. അങ്ങിനെയൊരാള്‍ ജനിക്കുകയും ചെയ്തു! എന്നു പറഞ്ഞാണു് റാല്‍ഫ് വാല്‍ഡോ എമേഴ്‌സണ്‍ അദ്ദേഹത്തെക്കുറിച്ചുള്ള തന്റെ പ്രബന്ധം തുടകൂന്നതു്. ഫ്രഞ്ചുവിപ്ലവത്തിന്റെ നേട്ടങ്ങളെ അവ്യവസ്ഥിതിയില്‍ നിന്നും രക്ഷിച്ചു് അവയ്ക്കു് സ്ഥിരപ്രതിഷ്ഠ നല്‍കുകയെന്ന ദൌത്യം വിജയിപ്പിക്കാന്‍ മറ്റാര്‍ക്കുംതന്നെ ആവുമായിരുന്നില്ല. അദ്ദേഹത്തിന്റെ സൈനിക വിജയങ്ങള്‍ ഒരിക്കലും ആകസ്മികങ്ങളായിരുന്നില്ല. യുദ്ധഭൂമിയില്‍ ജയിക്കുന്നതിനും മുമ്പു് തന്റെ ശിരസ്സിലദ്ദേഹം യുദ്ധങ്ങള്‍ ജയിച്ചു. ഒന്നിനും തളര്‍ത്താന്‍ സാധിക്കാത്ത ദൃഢതയും സ്വാര്‍ത്ഥനിഷ്ഠയും പ്രായോഗിക ബുദ്ധിയുമുള്ള, ജാടകള്‍ക്കോ, അന്ധവിശ്വാസങ്ങള്‍ക്കോ, അഹങ്കാരത്തിനോ, പ്രശംസയേ്ക്കാ വഴി തെറ്റിപ്പിക്കാനാവാത്ത വിവേചനശക്തിയുള്ള, പ്രകൃതിയെയും വിധിയെയും മാനിച്ച കല്ലും ഇരുമ്പും പോലെയുള്ള ഒരു മനുഷ്യന്‍ എന്നാണു് എമേഴ്‌സണ്‍ അദ്ദേഹത്തെക്കുറിച്ചു് പറഞ്ഞതു്. ഓരോ അടിയന്തിരഘട്ടത്തിലും തുടര്‍ന്നു ചെയ്യേണ്ടതെന്താണെന്നു് അദ്ദേഹത്തിനു് നിശ്ചയമുണ്ടായിരുന്നു. ലക്ഷ്യത്തിലെത്താന്‍ എല്ലാം - പണം, സൈന്യം, പ്രിയപ്പെട്ട ജനറല്‍മാര്‍, ആത്മരക്ഷ, എല്ലാം ത്യജിക്കാന്‍ സന്നദ്ധനായ ഒരുവന്‍. തന്റെ രാജ്യത്തിനു് വേണ്ടിയുള്ള മഹത്തായ ലക്ഷ്യമായിരുന്നു എപ്പോഴും അദ്ദേഹത്തിനു മുന്നില്‍.
 
അരാജകത്വത്തിനു പകരം നിയമവാഴ്ചയും പാപ്പരത്തത്തിന്റെ സ്ഥാനത്തു് ഒരു നിറഞ്ഞ ഖജനാവും ലജ്ജാകരമായ പരാജയത്തിനു പകരം ഉജ്ജ്വലവിജയവും, സാര്‍വ്വത്രികമായ അസംതൃപ്തിയുടെ സ്ഥാനത്തു് സമസ്തമായ ആശ്വാസവും കൈവരുത്തി ഫ്രാന്‍സിനെതിരെയുള്ള ശത്രുസഖ്യത്തെ അദ്ദേഹം തകര്‍ത്തു. അഴിമതികൊണ്ടും ഭീകരഭരണംകൊണ്ടും ജനകീയവായാടികളെക്കൊണ്ടും പൊറുതിമുട്ടിയ ഫ്രാന്‍സിലെ ലഹളയും അവ്യവസ്ഥിതിയുമെല്ലാം നെപ്പോളിയന്‍ നിര്‍ത്തി. ഇതൊക്കെ സാധിച്ചതു് കെഞ്ചിയുള്ള അപേക്ഷകൊണ്ടോ ബലപ്രയോഗംകൊണ്ടോ അല്ല. അമര്‍ത്താന്‍ വയ്യാത്ത കര്‍മ്മോദ്യോഗത്തോടുകൂടിയ അഴിമതിക്കതീതനായ ആ മനുഷ്യന്‍ നിശ്ചയദാര്‍ഢ്യവും രാജ്യസേ്‌നഹവുംനിറഞ്ഞ ഒരമാനുഷികശക്തിയോടുകൂടിയാണു് ഫ്രാന്‍സിനെ ക്രമസമാധാനത്തിലേക്കു് നയിച്ചതും ഒരു ദശവല്‍സരക്കാലത്തെ ഭീകരമായ അവ്യവസ്ഥിതി മാറ്റി ക്രമബദ്ധമായ ഒരു രാഷ്ട്രം സ്ഥാപിച്ചതും. ഭരണഘടനാനുസാരിയായി സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ അധികാരത്തിലെത്തണമെന്നു് മോഹിച്ച അദ്ദേഹത്തിനു് 'സ്വേച്ഛാധിപത്യ'ത്തിലൂടെ അതൊക്കെ യാഥാര്‍ത്ഥ്യമാക്കേണ്ടിവന്നതു് ചരിത്രത്തിലെ ഒരു പ്രഹേളിക തന്നെയാണു്. അതുല്യനായ ആ യോദ്ധാവു് പലപ്പോഴും പറഞ്ഞിരുന്നുവത്രേ 'നിങ്ങള്‍ക്കറിയാമോ, എല്ലാറ്റിനുമുപരിയായി എന്നെ വിസ്മയിപ്പിക്കുന്നതെന്താണെന്നു് ? എന്തെങ്കിലും സൃഷ്ടിക്കുവാനുള്ള ബലപ്രയോഗത്തിന്റെ ശക്തിഹീനത. ലോകത്തില്‍ രണ്ടു ശക്തികളേ ഉള്ളൂ മനുഷ്യചേതനയും വാളും. അത്യന്തികമായി ചേതന വാളിനെ കീഴെ്പടുത്തുക തന്നെ ചെയ്യും.

നെപ്പോളിയന്റെ സൈനിക തന്ത്രങ്ങള്‍ ഇന്നു് ലോകമെകൂമുള്ള സൈനിക പഠന ഗവേഷണ കേന്ദ്രങ്ങളിലെ പ്രധാനവിഷയമാണു്. നെപ്പോളിയന്റെ വിശാലവീക്ഷണത്തോടെയുള്ള സാമൂഹ്യപരിഷ്കരണങ്ങള്‍ പില്‍ക്കാല യൂറോപ്പിനെയാകെ സ്വാധീനിച്ചിട്ടുണ്ടു്. അദ്ദേഹം ജന്മി നാടുവാഴിത്ത സംവിധാനം നിര്‍ത്തലാക്കി. ജില്ലാ ഭരണസമ്പ്രദായം നടപ്പിലാക്കി. എല്ലാവര്‍ക്കും നിയമത്തിനു മുന്നില്‍ തുല്യമായ അവകാശങ്ങള്‍ നല്‍കി. പൊതുവിദ്യാഭ്യാസ സമ്പ്രദായം, പൊതുനിരത്തുകള്‍, നികുതിവ്യവസ്ഥ, ബാങ്കിംഗ് സംവിധാനം, വിവാഹമോചന നിയമം, പത്രസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം ഒക്കെ അദ്ദേഹത്തിന്റെ പരിഷ്കാരങ്ങളില്‍പെടുന്നു. നെപ്പോളിയന്‍ ഏര്‍പ്പെടുത്തിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളായ ഗ്രാന്‍ ഇക്കോളുകള്‍ പില്‍ക്കാലത്തത്തെ ഫ്രാന്‍സിന്റെ വികസനത്തില്‍ ചെലുത്തിയ സ്വാധീനം അതുല്യമാണു്. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഭരണ തന്ത്രം, സൈനിക ശാസ്ത്രം, ഇഞ്ചനീയറിംഗ്, വൈദ്യം, കൃഷി തുടങ്ങി വിവിധവിഷയങ്ങള്‍ക്കു വേണ്ടിയുള്ള ഗ്രാന്‍ ഇക്കോള്‍ വിദ്യാലയങ്ങള്‍ ദേശീയതല മത്സര പരീക്ഷകളിലൂടെയാണു് പ്രവേശനം നടത്തിയതു്. ഫ്രാന്‍സിനെ പില്‍ക്കാലത്തു നയിച്ച പ്രധാന ഭരണ തന്ത്രജ്ഞന്മാരും രാഷ്ട്രീയക്കാരും ശാസ്ത്രകാരന്മാരും ചിന്തകരുമൊക്കെ ഗ്രാന്‍ ഇക്കോളുകളുടെ സംഭാവനയാണു്.

മനുഷ്യ ചേതനയുടെ അസാധാരണമായ ഒരുദാഹരണമാണു് നെപ്പോളിയന്‍ എന്നാണു് പ്രൊ. ഈ. ശ്രീധരന്‍ അഭിപ്രായപ്പെടുന്നതു്. അദ്ദേഹം നെപ്പോളിയന്റെ ഒരു സമകാലികന്റെ വാക്കുകള്‍ ഉദ്ധരിക്കുന്നുണ്ടു്. 'ക്രമബദ്ധമായ ബുദ്ധികൊണ്ടു് ഭരിച്ചും, കാര്യങ്ങള്‍ നിര്‍വഹിച്ചും ഉടമ്പടിയോ സന്ധിയോ ചെയ്യാന്‍ കൂടിയാലോചിച്ചും അദ്ദേഹം ഓരോ ദിവസവും പതിനെട്ട് മണിയ്ക്കൂര്‍ ജോലി ചെയ്യുന്നു. മൂന്നു് മാസം കൊണ്ടു് അദ്ദേഹം രാജാക്കന്മാര്‍ ഒരു നൂറ്റാണ്ടുകാലം ഭരിച്ചിരുന്നതിനെക്കാള്‍ ഭരിച്ചിരിക്കുന്നു. അധികാരമേറ്റു് നാലു വര്‍ഷത്തിനുള്ളിലാണു് നെപ്പോളിയന്‍ തന്റെ വമ്പിച്ച നേട്ടങ്ങളെല്ലാം കൈവരിച്ചതു്. അതും യുദ്ധങ്ങള്‍ക്കും തന്റെ ജീവിനെതിരെയുള്ള ഗൂഢാലോചനകള്‍ക്കുമിടയിലൂടെ. തന്റെ ഭരണകാലത്തെ 3680 ദിവസങ്ങളില്‍ വെറും 955 ദിനം മാത്രമാണ് അദ്ദേഹം പാരീസില്‍ നിന്നതു്. ബാക്കിയത്രയും യുദ്ധക്കളങ്ങളില്‍ തന്റെ യോദ്ധാക്കളോടൊപ്പം. യുദ്ധമൊന്നുമില്ലെങ്കില്‍ യൂറോപ്പിനും ലോകത്തിനും ആ പ്രതിഭാധനനില്‍ നിന്നും എന്തൊക്കെ പ്രതീക്ഷിക്കാമായിരുന്നു. അദ്ദേഹത്തിന്റെ അവിശ്രാന്തമായ മനസ്സില്‍ എപ്പോഴും തിങ്ങി വിങ്ങി നിന്നതു്. യൂറോപ്പിന്റെ സമൃദ്ധിയും സമാധാനവുമായിരുന്നു. ലോകത്തിന്റെ തലസ്ഥാനമെന്ന നിലയ്ക്കു് പാരീസില്‍ നിന്നു് നിയന്ത്രിക്കപ്പെടുന്ന വിദേശബന്ധങ്ങളോടും, യൂറോപ്പിനാകെ ഓരേ നാണയവ്യവസ്ഥയോടും, അളവുതുക്കങ്ങളോടും, അടിസ്ഥാനനിയമങ്ങളോടും, ഗതാഗതത്തിനും കച്ചവടത്തിനും യാത്രയ്ക്കും രാഷ്ട്രീയ പ്രതിബന്ധങ്ങളില്ലാത്തതും, ഒരു പൊതു അപ്പീല്‍ കോടതിയോടു കൂടിയതും ആയ ഫെഡറേഷന്‍ അഥവാ ഐക്യനാടുകള്‍ ആയിരുന്നു നെപ്പോളിയന്റെ സ്വപ്നം. അതിനുള്ള പ്രതിബന്ധങ്ങളെയാണ് അദ്ദേഹം നിര്‍ദ്ദയം നശിപ്പിച്ചതു്.

നെപ്പോളിയനെക്കുറിച്ചുള്ള ഗ്രന്ഥങ്ങളുടെ എണ്ണം ഇന്നു് രണ്ടരലക്ഷത്തോളം ആയിക്കഴിഞ്ഞു. ബൈബിള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ട വിഷയമാണതു്. മെറ്റര്‍നിഹിന്റെ രചനകളിലൊന്നു് ഒന്‍പതു മണിക്കൂറോളം നീണ്ടു നിന്ന നെപ്പോളിയനുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചയാണ്. അബ്രാന്ത് പ്രഭ്വിയുടെ നെപ്പോളിയനെപ്പറ്റിയുള്ള ഓര്‍മ്മക്കുറിപ്പുകള്‍ പതിനെട്ടു് വാല്യങ്ങളായാണു് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതു്. അഡോള്‍ഫ് തിയേ എഴുതിയ നെപ്പോളിയന്റെ ജീവചരിത്രം ഇരുപതിലധികം വാല്യങ്ങള്‍വരും. നെപ്പോളിയന്റെ ഡയറിക്കുറിപ്പുകള്‍ തന്നെ പതിനായിരത്തിലധികം പേജുകള്‍വരും. നെപ്പോളിയന്റെ ജീവിതവും സംഭാവനകളും പഠിക്കുക എന്നതിനെക്കാള്‍ ഉത്തേജകമായ ഒരു ബൗദ്ധിക വ്യായമവുമില്ല എന്നാണു് ഏക്ടണ്‍ പ്രഭുവിന്റെ അഭിപ്രായം. ഡ്യൂറന്റ് ദമ്പതികള്‍ ചോദിക്കുന്നു. 'രണ്ടു് ലക്ഷത്തിലധികം പുസ്തകങ്ങള്‍ അദ്ദേഹത്തെപ്പറ്റി എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ആ മനുഷ്യനെപ്പറ്റി ശരിയായും പൂര്‍ണമായും അറിഞ്ഞിരിക്കുന്നുവെന്നു് ഇന്നും ആര്‍ക്കാണ് പറയാനാവുക. ഒരു നൂറു വിദഗ്ദ്ധചരിത്രകാരന്മാര്‍ യൂറോപ്പിനു് ഐക്യവും നിയമവുമേകാന്‍ പോരാടിയ ധീരനായകനായും അത്രയുമധികം ചരിത്രകാരന്മാര്‍ അധികാരത്തിനും യുദ്ധത്തിനുമുള്ള അടങ്ങാത്ത ഇച്ഛാശക്തിയെ പുലര്‍ത്താന്‍ ഫ്രാന്‍സിന്റെ രക്തം ഊറ്റുകയും യൂറോപ്പിനെ നശിപ്പിക്കുകയും ചെയ്ത രാക്ഷസനായും അദ്ദേഹത്തെ ചിത്രീകരിക്കുന്നു'.

നെപ്പോളിയനെക്കുറിച്ച് മലയാളത്തില്‍ ആദ്യമായുണ്ടാവുന്ന സമഗ്രമായ ജീവചരിത്ര ഗ്രന്ഥമാണു് പ്രൊഫ. ഈ ശ്രീധരന്റേതു്. കടുത്ത വിമര്‍ശനത്തിനോ, മഹത്വവല്‍ക്കരിക്കലിനോ വിധേയമാക്കാതെ, ചരിത്രത്തിന്റെ രീതിശാസ്ത്രവും, മുമ്പുണ്ടായ ആധികാരിക ജീവചരിത്രഗ്രന്ഥങ്ങളും ഉപയോഗപ്പെടുത്തി യൂറോപ്പിന്റെ ചരിത്രത്തിലെ യഥാര്‍ത്ഥ സംഭവങ്ങളുടെയും സന്ദര്‍ഭങ്ങളുടെയും പശ്ചാത്തലത്തില്‍ നെപ്പോളിയന്റെ ജീവിതചരിത്രം മലയാളത്തില്‍ പുനര്‍നിര്‍മ്മിച്ചിരിക്കുകയാണു് ഇവിടെ പ്രൊഫ. ശ്രീധരന്‍.

അവതാരികയില്‍ ഇ. കെ. ഭാരത് ഭൂഷണ്‍ (മുന്‍ കേരളചീഫ് സെക്രട്ടറി) പറയുന്നു: നെപ്പോളിയന്റെ ജീവിതമാകെ നിറഞ്ഞു നില്‍ക്കുന്ന തര്‍ക്ക വിഷയമായ നിരവധി സംഭവങ്ങളെ പ്രൊഫ. ശ്രീധരന്‍ കൈകാര്യം ചെയ്യുന്ന രീതി ഒരു ചരിത്രകാരന്‍ എന്ന നിലയിലെ അദ്ദേഹത്തിന്റെ അസാമാന്യപാടവവും വ്യക്തിത്വവും പ്രകടമാക്കുന്നുണ്ടു്. സന്ദര്‍ഭങ്ങളെ ഒരു പെയിന്റിംഗിലെന്നപോലെ നമ്മുടെ മനസ്സില്‍ പതിപ്പിക്കുന്നതും എന്നാല്‍ സംക്ഷിപ്തവും ലളിതവും ഒപ്പം മനോഹരവുമാണു് അദ്ദേഹത്തിന്റെ ശൈലി. സംഭവങ്ങളെയും ഉപകഥകളെയും കോര്‍ത്തിണക്കിയിരിക്കുന്ന, ഹൃദയത്തില്‍ നിന്നുമുയരുന്ന വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഗ്രന്ഥമാകെ നിറഞ്ഞു നില്‍ക്കുന്നു. വസ്തുതകളുടെയും, കണക്കുകളുടെയും, സംഭവങ്ങളുടെയും വിരസതയുളവാക്കുന്ന വിവരണങ്ങള്‍ക്കു് പകരം ഒരു നദിയുടെ ശക്തമായ, വേഗതയാര്‍ന്ന പ്രവാഹത്തിലൂടെയെന്നപോലെ നെപ്പോളിയന്റെ സംഭവ ബഹുലമായ ജീവിതത്തിലൂടെ നമ്മുടെ മനസ്സിനെയും ചിന്തയെയും പായിക്കുന്ന ഒരു മാസ്മര ശക്തി ഈ ഗ്രന്ഥത്തിനുണ്ടു്.

ഗ്രന്ഥകാരന്‍:

ഈ. ശ്രീധരന്‍ ചെര്‍പ്പുളശ്ശേരിയില്‍ 1933ല്‍ ജനിച്ചു. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നു് 1958ല്‍ ചരിത്രത്തില്‍ എം എ ബിരുദം. മൂന്നു ദശകങ്ങളോളം ഗവണ്മെന്റ് കോളേജുകളിലും കേരള സര്‍വ്വകലാശാലയിലും ചരിത്രാദ്ധ്യാപകനായിരുന്നു. ചരിത്രം സൃഷ്ടിച്ച പ്രതിഭാശാലികളെയും അതു് രേഖപ്പെടുത്തിയവരെയും സ്വാംശീകരിച്ചിരിക്കുന്ന പ്രൊഫ. ഈ. ശ്രീധരന്റെ 'എ ടെക്സ്റ്റ് ബുക്കു് ഒഫു് ഹിസ്‌റ്റോറിയോഗ്രാഫി. 500 ബി. സി. ടു എ.ഡി. 2000' എന്ന ഗ്രന്ഥം ഇന്നു് ലോകമെകൂം സര്‍വ്വകാലാശാലകളിലെ ചരിത്ര വിദ്യാര്‍ത്ഥികളുടെ പ്രധാന റഫറന്‍സ് ഗ്രന്ഥമാണു്. ചരിത്രകാരന്മാരെക്കുറിച്ചുള്ള പ്രധാന പഠനഗ്രന്ഥങ്ങളിലും വിജ്ഞാനകോശങ്ങളിലെ ലേഖനങ്ങളിലും പ്രൊഫ. ശ്രീധരന്റെ വാക്കുകള്‍ ആണു് ലേഖകര്‍ തങ്ങളുടെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ ആശ്രയിച്ചിരിക്കുന്നതു്. അദ്ദേഹത്തിന്റെ 'എ മാനുവല്‍ ഒഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് മെതോഡോളജി'യും മിക്ക സര്‍വ്വകലാശാലകളിലെയും ഗവേഷണ വിദ്യാര്‍ത്ഥികളുടെ സഹായ ഗ്രന്ഥമാണു്. അദ്ദേഹം ഇംഗളീഷിലും മലയാളത്തിലും നിരവധി ഫ്രബന്ധള്‍ രചിച്ചട്ടുണ്ടു്. വിലാസം: ഹൗസ് നമ്പമ്പര്‍: 43, ഇന്ദിരാ നഗര്‍, പേരൂര്‍ക്കട തിരുവനന്തപുരം-695043. ടെലിഫോണ്‍: 0471 2432403 

No comments:

Post a Comment